കൊവിഡ് ദുരിതാശ്വാസം; വിലാസം തേടി അലഞ്ഞ് വില്ലേജ് അധികൃതര്‍

Update: 2022-02-02 07:13 GMT

മാള; കൊവിഡ് ബാധിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക നല്‍കുന്നതിനായി മരിച്ചവരുടെ വിലാസം തേടി വില്ലേജ് അധികൃതര്‍ നെട്ടോട്ടമോടുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് ഉള്‍പ്പെടെ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. എന്നാല്‍ ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തില്‍ വടമ, വടക്കുംഭാഗം വില്ലേജുകളുടെ പരിധിയില്‍ വരുന്ന രണ്ട് പേരുടെ വിലാസം കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.

മരിച്ച ആളിന്റെ പേര്, മരിച്ച തീയ്യതി, വയസ്സ്, അപൂര്‍ണ വിലാസം എന്നിവയാണ് മിക്കവാറും വില്ലേജ് അധികൃതര്‍ക്ക് ലഭിക്കുന്നത്. അപൂര്‍ണ വിലാസം വെച്ച് മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തുകയെന്നത് കടുത്ത വെല്ലുവിളിയാണ്. കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും അധികൃതര്‍ക്ക് ആവുന്നില്ല.

മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് അഷ്ടമിച്ചിറ വളപ്പില്‍ ദേവയാനി (68), മാള ചിറ്റവളപ്പില്‍ ഓമന (48) എന്നിവരെ തേടിയുള്ള അന്വേഷണം വിഫലമായെന്ന് വില്ലേജ് അധികൃതര്‍ പറയുന്നു. അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തുടര്‍ന്ന് വിലാസക്കാരെ തേടിയുള്ള അധികൃതരുടെ ശബ്ദസന്ദേശങ്ങളും പുറത്തിറങ്ങി. മാളയിലെ വാട്‌സാപ്പ് കൂട്ടായ്മകളില്‍ ശബ്ദ സന്ദേശങ്ങള്‍ പരക്കുകയാണിപ്പോള്‍. 

Tags:    

Similar News