കൊവിഡ് ക്വാറന്റൈന്‍: ദേശാഭിമാനി വാര്‍ത്ത ശുദ്ധ അസംബന്ധം-പോപുലര്‍ ഫ്രണ്ട്

സംഘടനക്കെതിരേ തെറ്റായ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി അനസ് പ്രസ്താവനയില്‍ പറഞ്ഞു

Update: 2020-08-21 13:58 GMT

കണ്ണൂര്‍: കൊവിഡ് നിരീക്ഷണവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ടിനെതിരേ ദേശാഭിമാനി പത്രം നല്‍കിയ വാര്‍ത്ത ദുരുപതിഷ്ഠവും രാഷ്ട്രീയ ലാക്കോടെയുള്ളതുമാണെന്ന് പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി അനസ് പ്രസ്താവനയില്‍ പറഞ്ഞു. ന്യൂ മാഹിയില്‍ കൊവിഡ് പോസിറ്റീവായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും കുടുംബവും കേരളത്തില്‍ ദിനേന റിപോര്‍ട്ട് ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ ഒന്നു മാത്രമാണ്. അവരില്‍ ആരുടെയും സംഘടനാബന്ധമോ രാഷ്ട്രീയബന്ധമോ ചികഞ്ഞ് അന്വേഷിക്കാറില്ല. രോഗം വരാതെ സൂക്ഷിക്കാനും നമ്മുടെ അശ്രദ്ധകൊണ്ട് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും വലിയ ജാഗ്രതയാണ് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നടങ്കം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് തുരങ്കംവയ്ക്കുന്ന ഏറ്റവും നീചമായ പ്രവൃത്തിയാണ് ദേശാഭിമാനിയും സിപിഎമ്മും ചെയ്തിരിക്കുന്നത്.

    ന്യൂ മാഹിയിലെ കുടുംബവും ആരോഗ്യവകുപ്പിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് തന്നെയാണ് ക്വാറന്റൈനില്‍ ഇരുന്നിട്ടുള്ളതും പരിശോധനയ്ക്ക് വിധേയമായിട്ടുള്ളതും. വീട്ടില്‍ സൗകര്യക്കുറവുള്ളത് കൊണ്ട് ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും അനുമതിയോടെ മറ്റൊരു കെട്ടിടത്തിലാണ് നിരീക്ഷണത്തില്‍ കഴിഞ്ഞത്. ഇത് ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിവുള്ളതുമാണ്. കൊവിഡ് പോസിറ്റീവ് ആയവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്നതും അതിന് സൗകര്യമൊരുക്കേണ്ടത് സാധ്യമാകുന്നവര്‍ വീടുകളിലോ അല്ലാത്തതിന് സര്‍ക്കാര്‍ സംവിധാനമൊരുക്കുകയോ ആണ് വേണ്ടതെന്നവും നമ്മുടെ കൊവിഡ് പ്രതിരോധ പ്രോട്ടോക്കോളിന്റെ ഭാഗമാണ്. അതുപ്രകാരം ക്വാറന്റൈന്‍ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് പരിമിതി ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു സംവിധാനം ഈ കുടുംബം തരപ്പെടുത്തിയത്.

    അസ്വാഭാവികത ഒന്നുമില്ലാത്ത പ്രസ്തുത കേസിനെ രാഷ്ട്രീയ വിരോധം മാത്രം ലക്ഷ്യംവച്ച് ദേശാഭിമാനി പത്രത്തെ ഉപയോഗിച്ച് സിപിഎം പ്രവര്‍ത്തകര്‍ പോപുലര്‍ ഫ്രണ്ടിനെതിരെ ദുഷ്പ്രചാരണം നടത്തുകയാണ് ചെയ്തത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധത്തിനായി നടത്തിയ സേവനം ഏറെ പ്രശംസ പിടിച്ചുപറ്റിയതുമാണ്.

    പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്ന ജനോപകാര സാമൂഹിക കാഴ്ചപ്പാടിനെ ആശയപരമായി നേരിടാനാവാതെ വന്നപ്പോള്‍ കുപ്രചരണം നടത്തി താറടിച്ചു കാണിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിനവര്‍ പാര്‍ട്ടി പത്രത്തെയും കൂട്ടുപിടിച്ചുവെന്ന് മാത്രം. ഈ കള്ളങ്ങളൊന്നും ജനം വിശ്വസിക്കാന്‍ പോകുന്നില്ല. സംഘടനക്കെതിരേ തെറ്റായ വാര്‍ത്ത നല്‍കിയ ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അനസ് പ്രസ്താവനയില്‍ പറഞ്ഞു.

Covid Quarantine: Deshabhimani news was pure false- Popular Front



Tags:    

Similar News