എട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു

Update: 2021-03-08 11:52 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കൊവിഡ് വ്യാനപനം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ വ്യാപനം വര്‍ധിച്ചുവരുന്നതായി സംശയിക്കുന്നത്.

എട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. 2.29 ആണ് ദേശീയ തലത്തിലുള്ള കൊവിഡ് പോസിറ്റീവിറ്റി നിരക്ക്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവിറ്റി നിരക്കുള്ളത്, 11.13 ശതമാനം.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത്. രാജ്യത്തെ 86.25 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 18,599 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 11,141 പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. കേരളത്തില്‍ 2,100 പേര്‍ക്കും പഞ്ചാബില്‍ 1,043 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ കൊവിഡ് സജീവകേസുകളുടെ എണ്ണം 1,88,747 ആണ്. ആകെ പോസിറ്റീവ് കേസുകളുടെ 1.68 ശതമാനമാണ് ഇത്.