കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചു; കുഴൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ പരാതി

Update: 2021-05-07 12:56 GMT

മാള: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചെന്നാരോപിച്ച് കുഴൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ പരാതി. കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ്സ് പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രജനി മനോജിനെതിരേയാണ് പരാതി.

പഞ്ചായത്ത് വൈസ് പ്രസിജന്റ് കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെയും വനിതാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും മാത്രം ഉള്‍കൊള്ളിച്ച് ആര്‍ആര്‍ടി ടീം രൂപികരിച്ചെന്നാണ് ഡി വൈ എഫ് ഐ കൊച്ചുകടവ് യൂണിറ്റ് പഞ്ചായത്ത് സെക്രട്ടറി അനീഷ്, പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ കോപ്പി ജില്ലാ കലക്ടര്‍ക്കും മെഡിക്കല്‍ ഓഫിസര്‍ക്കും നല്‍കിയിട്ടുണ്ട്.

സ്വജനപക്ഷപരമായി പ്രവര്‍ത്തിച്ച മെമ്പര്‍ സത്യപ്രതിഞ്ഞാ ലംഘനമാണ് നടത്തിയതെന്ന് ഡി വൈ എഫ് ഐയുടെ പറയുന്നു. ആരോപണങ്ങള്‍ രജനി മനോജ് നിഷേധിച്ചു. സി പി എം കാരും കോണ്‍ഗ്രസുകാരും ബി ജെ പിക്കാരും ആര്‍ ആര്‍ ടി ടീമിലുണ്ടെന്നും പ്രവര്‍ത്തിക്കാന്‍ മനസ്സുള്ളവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ക്വാറന്റൈനില്‍ ഇരിക്കുന്ന താന്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യുന്നുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും മറ്റും ഭാഗമായാണ് ഇത്തരുണത്തില്‍ ടീം രൂപീകരണത്തിന് മുന്നിട്ടിറങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിപുലമായ യോഗം വിളിക്കാനാകില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് തനിക്ക് രാഷ്ട്രീയമെന്നും പിന്നീട് താന്‍ രാഷ്ട്രീയലാക്കോടെ യാതൊന്നിനേയും കാണുന്നില്ലെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.