കൊവിഡ്: ഫുട്‌ബോള്‍ ടര്‍ഫുകള്‍ക്കും ഗ്രൗണ്ടുകള്‍ക്കും നിബന്ധനകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഫുട്‌ബോള്‍ ടര്‍ഫുകള്‍ക്കും ഗ്രൗണ്ടുകള്‍ക്കും നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
ബ്രേക്ക് ദി ചെയിന്‍ പ്രോട്ടോകോള്‍ പാലിക്കുകയും സോപ്പ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായും ഉപയോഗിക്കുകയും വേണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. 65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഇത്തരം സ്ഥലങ്ങളില്‍ മുഴുവന്‍ സമയവും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സ്വയംനിരീക്ഷണം നടത്തുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ജില്ലാ ഹെല്‍പ്പ്‌ലൈനിലോ സ്റ്റേറ്റ് ഹെല്‍പ് ലൈനിലോ വിവരം അറിയിക്കണം. തുപ്പുന്നതിന് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശുചിമുറികള്‍ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കളിസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗശേഷം അണുവിമുക്തമാക്കണം. ടര്‍ഫുകളും കളിസ്ഥലങ്ങളും തുറക്കുന്നത് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ അറിയിച്ചിരിക്കണം. സ്പാ, സ്റ്റീം ബാത്ത്, സ്വിമ്മിംഗ്പൂള്‍ കോര്‍ണറുകള്‍ അടഞ്ഞു തന്നെ കിടക്കും.