ഗൃഹചികിത്സയിലുള്ള കൊവിഡ് രോഗികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം

Update: 2022-01-23 04:05 GMT

എറണാകുളം; ജില്ലയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കൂടിവരുന്നതിനനുസരിച്ച് ഗൃഹചികിത്സയിലുള്ളവരുടെയെണ്ണവും കൂടിവരുന്ന സാഹചര്യത്തില്‍ ഹോം ഐസലേഷനില്‍ ഉള്ളവര്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നിലവിലുള്ള കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും 95.86 % പേരും വീടുകളിലാണ് കഴിയുന്നത്. കൊവിഡ് പോസിറ്റീവ് ആയവരില്‍ നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും, മറ്റ് ഗുരുതരാവസ്ഥയില്ലാത്തവര്‍ക്കും ഹോം ഐസോലേഷനില്‍ കഴിയാം. അനുബന്ധരോഗങ്ങളുള്ളവര്‍, ശ്വാസകോശരോഗങ്ങളുള്ളവര്‍, ഹൃദയം, കരള്‍, വൃക്കരോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഹോം ഐസൊലേഷനില്‍ കഴിയാവൂ. ഹോം ഐസൊലേഷനില്‍ ഇരിക്കുമ്പോള്‍ രോഗാവസ്ഥ സ്വയം നിരീക്ഷിക്കേണ്ടതും, അപായ സൂചനകള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടുകയുംവേണം.

അപായ സൂചനകള്‍

കുറയാതെ തുടരുന്ന കടുത്ത പനി (മൂന്നു ദിവസമായി 100 ഡിഗ്രിയില്‍ കൂടുതല്‍), ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് , ഓക്‌സിജന്‍ സാച്ചുറേഷനിലുള്ള കുറവ് (ഒരു മണിക്കൂറിനുള്ളില്‍ നടത്തിയ ചുരുങ്ങിയത് മൂന്ന് റീഡിങ്ങുകളില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94% ല്‍ കുറവോ അല്ലെങ്കില്‍ ശ്വാസോച്ഛാസ നിരക്ക് ഒരു മിനിറ്റില്‍ 24 ല്‍ കൂടുതലോ ), നെഞ്ചില്‍ നീണ്ടു നില്‍ക്കുന്ന വേദന / മര്‍ദ്ദം, ആശയക്കുഴപ്പം , എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശിവേദന എന്നിവ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം. 

അനുബന്ധ രോഗങ്ങളുള്ളവരും, മറ്റു രോഗങ്ങള്‍ക്കും ചികിത്സ യെടുക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. ഇ സഞ്ജീവനി പോലുള്ള ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യങ്ങളും ഉപയോഗപ്പെടുത്താം.

പൊതുജനങ്ങള്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബദ്ധപ്പെടാം. 24 മണിക്കൂറും സേവനങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ജില്ലാ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. നമ്പറുകള്‍ : 0484 2368802, 0484 2368702

Similar News