ഐസിയുവില്‍ തീപടര്‍ന്ന് കൊവിഡ് രോഗികളുടെ മരണം: ഗുജറാത്ത് സര്‍ക്കാരിനെതിരേ അമര്‍ഷം പ്രകടിപ്പിച്ച് സുപ്രിംകോടതി

Update: 2020-11-27 12:38 GMT

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്‌കോട്ടില്‍ തുടര്‍ച്ചയായി ഐസിയുവിന് തീപിടിച്ച് കൊവിഡ് രോഗികള്‍ മരിക്കുന്നതില്‍ രോഷം പ്രകടിപ്പിച്ച് സുപ്രിംകോടതി. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ ചുരുങ്ങിയത് 5 കൊവിഡ് രോഗികള്‍ മരിച്ചതിലും നിരവധി രോഗികള്‍ക്ക് പരിക്കേറ്റതിലും സ്വമേധയാ കേസെടുത്തുകൊണ്ടാണ് കോടതി ഗുജറാത്ത് സര്‍ക്കാരിനെതിരേ അമര്‍ഷം പ്രകടിപ്പിച്ചത്. ഗുജറാത്ത്് ഇക്കാര്യത്തില്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സുഭാഷ് റെഡ്ഢി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു.

ഇത്തരം സംഭവങ്ങള്‍ ഗുജറാത്തില്‍ നിന്ന് ആദ്യമായല്ല കേള്‍ക്കുന്നതെന്നും നേരത്തെയും നിരവധി ഐസിയു അഗ്നിബാധ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

ഇക്കാര്യത്തില്‍ എന്തു മുന്‍കരുതല്‍ നടപടിയാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോടും കോടതി ചോദിച്ചു. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു കമ്മീഷനെയും കമ്മിറ്റിയെയും നിയമിക്കുകയും പിന്നീട് മറന്നുപോകുകയുമാണ്‌ചെയ്യുന്നത്. അതിനെ സുപ്രിംകോടതി ചോദ്യം ചെയ്തു.

ഇന്നു തന്നെ അഗ്നിസേന, പോലിസ് വൈദ്യുതി തുടങ്ങി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മേത്ത കോടതിക്ക് ഉറപ്പ് നല്‍കി.

ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാന്‍ ജോലിക്കാരെ നിയോഗിക്കണമെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കുഴപ്പമുള്ള വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ നിര്‍ദേശിക്കണമെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു. 

രാജ്‌കോട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ഐസിയുവില്‍ തീ പടര്‍ന്ന് 5 പേര്‍ മരിച്ചത്.

Similar News