കൊവിഡ്: രാജസ്ഥാനില്‍ 8 ജില്ലകളില്‍ രാത്രി കര്‍ഫ്യൂ

Update: 2020-11-22 02:21 GMT

ജയ്പൂര്‍: കൊവിഡ് രോഗബാധ കൂടുതല്‍ തീവ്രമായതോടെ രാജസ്ഥാന്‍ സര്‍ക്കാര്‍ 8 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജയ്പൂര്‍, ജോഡ്പൂര്‍, കോട്ട, ബിക്കാനിര്‍, ഉദയ്പൂര്‍, അല്‍വാര്‍, ഭില്‍വാര തുടങ്ങിയ ജില്ലകളിലാണ് രാത്രി 8 മുതല്‍ രാവിലെ 6 മണിവരെയുള്ള കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം, വിവാഹ ആഘോഷങ്ങള്‍, അവശ്യവസ്തുവിതരണം, മരുന്ന്, ബസ്, ട്രയിന്‍, വിമാനയാത്ര തുടങ്ങിയയ്ക്ക് നിരോധനമില്ല. അവര്‍ക്ക് തുടര്‍ന്നും യാത്ര ചെയ്യാം.

രാജസ്ഥാനിലെ കൊവിഡ് പ്രതിദിന രോഗബാധ 1,700ല്‍ നിന്ന് 3000 ആയി വര്‍ധിച്ചതോടെയാണ് കാബിനറ്റ് ചേര്‍ന്ന് കര്‍ഫ്യൂ നടപ്പാക്കാന്‍ തീരുമാനിച്ചത്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കുള്ള പിഴ 200ല്‍ നിന്ന് 500 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം 3,007 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,40,676 ആയി. ഇന്നലെ മാത്രം 6 പേര്‍ മരിച്ചു. ആകെ മരണം 1,963.