കൊവിഡ്; ആന്ധ്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു

Update: 2022-01-11 15:19 GMT

വിജയവാഡ: മൂന്നാം കൊവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനുവരി 31 വരെയാണ് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ടാവുക. രാത്രി 11 മണി മുതല്‍ അഞ്ച് വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്.

എല്ലാ ജില്ലാ കലക്ടര്‍മാരോടും എസ്പിമാരോടും രാത്രി കര്‍ഫ്യൂ കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.

രാത്രി കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്ത നിരവാരണ നിയമത്തിന്റെ 61, 60 വകുപ്പനുസരിച്ചും ഐപിസിയുടെ 188ാം വകുപ്പനുസരിച്ചും കേസെടുക്കും.

ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ടുകളും മാധ്യമവാര്‍ത്തകളും ഉദ്ധരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം ആശുപത്രികള്‍, ലാബുകള്‍, ഫാര്‍മസികള്‍, അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍, വാര്‍ത്താവിതരണം, ഇന്റര്‍നെറ്റ് സര്‍വീസ്, പെട്രോള്‍ പമ്പ്, വൈദ്യുതഉല്‍പ്പാദനം, പ്രാദേശിക ഭരണകൂടം, വിമാനയാത്ര കഴിഞ്ഞ് വരുന്നവര്‍, സംസ്ഥാനാന്തര യാത്രക്കാര്‍ തുടങ്ങിയവരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ തരം കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പുറത്ത് 200 പേരും അകത്ത് 100 പേര്‍ക്കും മുന്‍കൂര്‍ അനുമതിയോടെ യോഗം ചേരാം. മാസ്‌ക് നിര്‍ബന്ധമാക്കി.

Tags:    

Similar News