കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: പ്രവാസികളുടെ വരവിന് തടയിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രവാസി ഫോറം നേതാവ് വി എം സുലൈമാന്‍ മൗലവി
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ തുടങ്ങി വന്ദേ ഭാരത് മിഷനില്‍ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കുന്നതിലൂടെ പ്രവാസികളാരും ഇനി ഇങ്ങോട്ടു വരണ്ട എന്ന് നേരിട്ടു പറയുന്നതിനു പകരം കുതന്ത്രങ്ങളിലൂടെ പ്രവാസികളുടെ വരവിന് തടയിടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി.
ലക്ഷക്കണക്കായ പ്രവാസികളെ സ്വീകരിക്കുന്നതിനും ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നതിനും എല്ലാ വിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടന്ന് പരസ്യമായി ആവര്‍ത്തിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനായിരത്തോളം പ്രവാസികളെത്തിയപ്പോഴേക്കും നിലപാട് മാറ്റുകയുണ്ടായി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സംവിധാനങ്ങള്‍ പാടെ നിര്‍ത്തലാക്കുകയും ക്വാറന്റീന്‍ ചെലവുകള്‍ പ്രവാസികള്‍ വഹിക്കണമെന്നും പറയുന്നു.
മതിയായ വിമാന സര്‍വീസുകളുടെ അപര്യാപ്തത മൂലവും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക നിലപാട് കാരണവും മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ശതമാനം പ്രവാസികള്‍ക്കുപോലും നാടണയുവാന്‍ കഴിഞ്ഞിട്ടില്ല. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസിനുള്ള അനുമതി കൊടുക്കാതെയും എയര്‍ ഇന്ത്യ ടിക്കറ്റ് ചാര്‍ജ് നാലിരട്ടിയായി വര്‍ദ്ധിപ്പിക്കയും ചെയ്തു കൊണ്ട് പ്രവാസികളുടെ വരവിന് തടയിടുകയാണ് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തിലാണ് പ്രവാസി സന്നദ്ധ സംഘടനകളും മറ്റും ചേര്‍ന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ തരപ്പെടുത്തി പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതിനുള്ള ശ്രമമാരംഭിക്കുന്നത്. ഏതാണ്ട് നാല്‍പ്പതിലധികം വിമാനങ്ങള്‍ ഇത്തരത്തില്‍ ചാര്‍ട്ടര്‍ ചെയ്ത് അനുമതിയും കാത്തിരിക്കുമ്പോഴാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയക്കുന്നത്. അതോടെ ആ പ്രതീക്ഷക്കും മങ്ങലേല്‍ക്കുകയുണ്ടായി.
ഇപ്പോഴിതാ ചാര്‍ട്ടേഡ് വിമാനങ്ങളിലടക്കം മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ 'കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്' ഹാജരാക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നു. ഇതിനെതിരെ പ്രതിപക്ഷമടക്കം വിവിധ കോണുകളില്‍ നിന്നും വ്യാപകമായ പ്രതിഷേധങ്ങളുയര്‍ത്തിയിട്ടും മുഖ്യമന്ത്രി ഇതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
വളരെ കാത്തിരുന്ന് കിട്ടുന്ന ഒരവസരമാണ് ചാര്‍ട്ടേഡ് വിമാനത്തിലെങ്കിലും അവസാന നിമിഷം കയറിപ്പറ്റുകയെന്നത്. ആ സമയത്ത് ഭാരിച്ച തുക മുടക്കി കൊവിഡ് ടെസ്റ്റ് നടത്തി ദിവസങ്ങള്‍ കാത്തിരുന്ന് ടെസ്റ്റ് റിസള്‍റ്റ് വാങ്ങി (അത് നെഗറ്റീവോ പോസ്റ്റീവോ എന്തുമാകട്ടെ) എയര്‍ പോര്‍ട്ടിലെത്തുമ്പോഴേക്കും തനിക്കു വേണ്ടി സീറ്റ് തരപ്പെടുത്തിയ വിമാനം എത്രയോ തവണ കേരളത്തിലെത്തി മടങ്ങിയിട്ടുണ്ടാവും. തികച്ചും ബാലിശവും അപ്രായോഗികവും അശാസ്ത്രീയവും മനുഷ്യത്വരഹിതവുമായ ഈ പ്രക്രിയയിലൂടെ പ്രവാസികളുടെ മടക്കത്തിന് തടയിടുക എന്നതാണ് മുഖ്യമന്ത്രി ലക്ഷ്യം വെക്കുന്നതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്? ചുരുക്കത്തില്‍ പ്രവാസികളാരും ഇനിയിങ്ങോട്ടു വരണ്ടായെന്ന് മുഖ്യമന്ത്രി പറയാതെ പറയുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വരെ വിദേശത്ത് മരിച്ച പ്രവാസി മലയാളികളുടെ എണ്ണം 277 കടന്നു. ഇതില്‍ ഗള്‍ഫു രാജ്യങ്ങളില്‍ മാത്രം 222 പേര്‍. കേരളത്തില്‍ ആകെ 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിലെ ഇതുവരെയുള്ള മരണസംഖ്യയെക്കാള്‍ എത്രയോ മടങ്ങാണ് മരിച്ചു കൊണ്ടിരിക്കുന്ന പ്രവാസി മലയാളികള്‍ എന്നതും ശ്രദ്ധേയമാണ്.
അതുകൊണ്ട് ബാലിശമായ ഇത്തരം പിടിവാശികളുപേക്ഷിച്ച്് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് നാടണയാനുള്ള മുഴുവന്‍ സാഹചര്യവും ഒരുക്കുകയും മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സൗജന്യ ചികില്‍സയടക്കമുള്ള മുഴുവന്‍ സഹായവും വിദേശങ്ങളില്‍ മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് മതിയായ പരിരക്ഷയും സാമ്പത്തിക സഹായവും നല്‍കണമെന്നും പ്രവാസി ഫോറം, കേരള സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി ആവശ്യപ്പെട്ടു.

