രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.46 ശതമാനം; 1 ശതമാനമാക്കാന്‍ തീവ്രശ്രമവുമായി കേന്ദ്രസര്‍ക്കാര്‍

Update: 2020-11-23 05:19 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.46 ശതമാനത്തില്‍ നിന്ന് 1 ശതമാനത്തിലേക്ക് താഴ്ത്താന്‍ ശ്രമം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 91,40,191 പേരില്‍ ഇതുവരെ 1,33,771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുളളത്.

2020 മാര്‍ച്ച് 12നാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തത്. അതിനുശേഷം മരണനിരക്ക് വര്‍ധിക്കുകയും പിന്നീട് ക്രമേണ താഴുകയും ചെയ്തു. അത് ഒരു ശതമാനത്തിനു താഴെയെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്.

സാധാരണ പനി ബാധിച്ച് രാജ്യത്ത് ഒരു ശതമാനം പേരാണ് മരിക്കാറുള്ളത്. കൊവിഡിനെയും അതേ മരണനിരക്കിലെത്തിക്കാനാണ് ശ്രമം.

ആരോഗ്യ മന്ത്രാലയവും നിതി ആയോഗും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ മരണങ്ങളില്‍ ഭൂരിഭാഗവും പത്ത് സംസ്ഥാനങ്ങളില്‍ നി്‌നാണ്. ഞായറാഴ്ച റിപോര്‍ട്ട്് ചെയ്ത 509 മരണങ്ങളില്‍ 77 ശതമാനവും ഇതേ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങൡ നിന്നുമാണ്.

ഈ പത്ത് സംസ്ഥാനങ്ങളില്‍ ഡല്‍ഹിയാണ് ഏറ്റവും ഗുരുതരപ്രശ്‌നം നേരിടുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 121 പേര്‍ മരിച്ചു. ഇതുവരെ ഡല്‍ഹിയില്‍ 8,391 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണങ്ങളില്‍ 22 ശതമാനവും ഡല്‍ഹിയില്‍ നിന്നായിരുന്നു.

മരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അടുത്ത സ്ഥാനങ്ങളില്‍ മഹാരാഷ്ട്രയും ബംഗാളും ഉത്തര്‍പ്രദേശുമാണ്.

വാക്‌സിന്‍ കണ്ടെത്തല്‍, ഉല്പാദനം, ശേഖരണം, വിതരണം തുടങ്ങിയവയിലാണ് കേന്ദ്രം നിലവില്‍ കൂടുതല്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. വാക്‌സിനേഷുവേണ്ടി മാത്രം കൊവിഡ് സുരക്ഷാ മിഷന് 900 കോടി നീക്കിവച്ചിട്ടുണ്ട്.

Similar News