കൊവിഡ്: സംസ്ഥാനത്ത് വാക്സിന്‍ സമത്വം ഉറപ്പുവരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Update: 2021-06-21 14:00 GMT

പത്തനംതിട്ട; സംസ്ഥാനത്ത് വാക്സിന്‍ സമത്വം ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ നിര്‍ധനര്‍ക്കുള്ള ധനസഹായ വിതരണം, പഞ്ചായത്ത് ശ്മശാനം, അംഗനവാടി എന്നിവ നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ സമ്മതപത്രം സ്വീകരിക്കല്‍ തുടങ്ങിയ ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് രണ്ടാം തരംഗത്തിനെ എല്ലാവരും ചേര്‍ന്നു കരുതലോടെ നേരിട്ടു. മൂന്നാം തരംഗം ഉണ്ടായാല്‍ അതിനെ തടഞ്ഞു നിര്‍ത്താന്‍ വാക്സിനേഷന്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്ന രീതിയില്‍ വാക്സിന്‍ സമത്വം ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് വാക്സിന്‍ ഡ്രൈവ് നടത്താന്‍ ആസൂത്രണം ചെയ്യുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു തിക്കും തിരക്കും ഒഴിവാക്കി വാക്സിനേഷന്‍ നടപ്പാക്കും. കൊവിഡ് ടിപിആര്‍ പൂജ്യത്തിലെത്തിച്ച് കൊവിഡ് സീറോ കേസ് എത്തിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.

ഇരവിപേരൂര്‍ ഐ.ജി.ഒ ക്യാമ്പസിനോട് ചേര്‍ന്നാണ് വാതക ശ്മശാനത്തിനുള്ള അഞ്ച് സെന്റ് സ്ഥലം റവ. ഡോ. ടി വല്‍സന്‍ എബ്രഹാം പ്രസിഡന്റായിട്ടുള്ള കെഇഎ ഫൗണ്ടേഷന്‍ 25 വര്‍ഷത്തേക്ക് ലീസിനു നല്‍കിയത്.