രാജ്യത്ത് കൊവിഡ് കേസുകള്‍ 95.34 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 40,726 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 95.34 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,000ത്തില്‍ താഴെ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതായത് 35,551 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 95,34,965 ആയി ഉയര്‍ന്നിരിക്കുകയാണ്. 4,22,943 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 89,73,373 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 40,726 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്
രാജ്യത്ത് 24 മണിക്കൂറിനിടെ 526 മരണമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,38,648 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളില്‍ കുറവ് അനുഭവപ്പെട്ടു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,11,698 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണം വര്‍ധിച്ചപ്പോഴും രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 14,35,57,647 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.