മലപ്പുറം ജില്ലയില്‍ 3,770 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 15.98 ശതമാനം

Update: 2021-08-01 14:09 GMT

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 01) 3,770 പേര്‍ കൊവിഡ് 19 വൈറസ് ബാധിതരായി. 15.98 ശതമാനമാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,871 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായവരുടെ എണ്ണം 3,79,878 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 3,676 പേര്‍ക്കാണ് ഞായറാഴ്ച രോഗബാധയുണ്ടായത്. 54 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64,234 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 27,315 പേര്‍ ചികിത്സയിലാണ്.

കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 754 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 524 പേരും 160 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 413 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,550 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.