രാജ്യത്ത് 2,380 പേര്‍ക്ക് കൊവിഡ്, 56 മരണം

Update: 2022-04-21 04:21 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,380 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 15 ദിവസത്തനുള്ളിലെ ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,30,49,974 ആയി. രാജ്യത്ത് ഇന്നലെ മാത്രം 56 പേര്‍ മരിച്ചു. ആകെ മരണം 5,22,062.

13,433 പേരാണ്  കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 98.76 ശതമാനമായി.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണെന്ന് റിപോര്‍ട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഏപ്രില്‍ 11 നും 18 നും ഇടയില്‍ പോസിറ്റിവിറ്റി നിരക്കില്‍ ഏകദേശം മൂന്നിരട്ടി വര്‍ധന രേഖപ്പെടുത്തി.

ഫെബ്രുവരി 10 ന് 1,104 കേസുകള്‍ റിപോര്‍ട്ട് ചെയ്തതിന് ശേഷം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്താനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു.