മലപ്പുറം ജില്ലയില്‍ 142 പേര്‍ക്ക് കൊവിഡ്

Update: 2021-03-09 12:41 GMT

മലപ്പുറം: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ചൊവ്വാഴ്ച 142 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനൊപ്പം 246 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,17,123 ആയി.

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 134 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 7 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയ ഒരാള്‍ക്കും രോഗബാധ കണ്ടെത്തി. 2,120 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 127 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 63 പേരും 23 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 582 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.