ബ്രിട്ടനില്‍ 1,30,000 പേര്‍ക്ക് കൊവിഡ്; ആശുപത്രിപ്രവേശത്തില്‍ 53 ശതമാനത്തിന്റെ വര്‍ധന
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,30,000 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. പ്രതിദിന രോഗബാധയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
രാജ്യത്താകമാനം 1,29,471 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്‌കോട്ടലന്‍ഡില്‍ മാത്രം 9,360 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടക്കന്‍ അയര്‍ലെന്റ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസമായി ബ്രിട്ടനില്‍ കൊവിഡ് ബാധ ലക്ഷത്തിനോടടുത്താണ്. നേരത്തെ ഡല്‍റ്റ വകഭേദമാണ് രാജ്യത്ത് കൂടുതല്‍ കാണപ്പെടുന്നതെങ്കില്‍ ഇപ്പോഴത് ഒമിക്രോണ്‍ ആയി മാറി.
യൂറോപ്പില്‍ ഏറ്റവും തീവ്രമായി കൊവിഡ് ബാധിച്ച രാജ്യങ്ങളിലൊന്ന് ബ്രിട്ടനാണ്. ബ്രിട്ടനില്‍ ഇതുവരെ 1,50,000 പേര്‍ മരിച്ചു.
രോഗവ്യാനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കോട്ട്‌ലന്‍ഡിലും വെയില്‍സിലും വടക്കന്‍ അയര്‍ലണ്ടിലും കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെക്കൊണ്ടുവന്നിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 33 ദശലക്ഷം മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. എല്ലാ പ്രായപൂര്‍ത്തിയായവര്‍ക്കും ഈ മാസം അവസാനത്തോടെ മൂന്നാം ഡോസ് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ലണ്ടനില്‍ ആശുപത്രി പ്രവേശം വര്‍ധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതുന്നു. 53 ശതമാനത്തിന്റെ വര്‍ധനയാണ് ഈ ആഴ്ചയുണ്ടായിട്ടുള്ളത്.
