കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോയ ആള്‍ക്ക് കൊവിഡ്; പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതിനാല്‍ പയ്യോളിയില്‍ ജാഗ്രത കടുപ്പിക്കാന്‍ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലിസ് - നഗരസഭ ഓഫിസര്‍മാരുടെയും യോഗത്തില്‍ തീരുമാനമായി.

Update: 2020-06-05 14:54 GMT

പയ്യോളി: കഴിഞ്ഞദിവസം വിദേശത്തേക്ക് പോയ പയ്യോളി സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ജൂണ്‍ രണ്ടിന് ബഹ്‌റെയ്‌നില്‍ എത്തിയ പയ്യോളി സ്വദേശിക്കാണ് ബഹ്‌റെയ്ന്‍ വിമാനത്താവളത്തിലെ സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതിനാല്‍ പയ്യോളിയില്‍ ജാഗ്രത കടുപ്പിക്കാന്‍ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലിസ് - നഗരസഭ ഓഫിസര്‍മാരുടെയും യോഗത്തില്‍ തീരുമാനമായി.

വിദേശത്തേക്ക് പുറപ്പെട്ട ഇദ്ദേഹം നഗരസഭ പരിധിയിലെ പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയതായാണ് വിവരം. ഇദ്ദേഹം സന്ദര്‍ശിച്ച ബന്ധുക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നതിനായി സന്ദര്‍ശിച്ച ട്രാവല്‍സും ഇദ്ദേഹവുമായി സമ്പര്‍ക്കമുള്ള മറ്റു രണ്ടു സ്ഥാപനവും അധികൃതര്‍ അടച്ചിട്ടു. ആദ്യഘട്ടത്തില്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നഗര സഭയിലെ 22ാം ഡിവിഷന്‍ പൂര്‍ണ്ണമായും അടച്ചിടാനും ആലോചനയുണ്ട്. പയ്യോളി ടൗണില്‍ നിയന്ത്രണം കടുപ്പിക്കും. നഗരസഭ ഓഫിസിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു. ജാഗ്രതയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്ഥിതിഗതികള്‍ ജില്ലാഭരണ കൂടത്തെ ധരിപ്പിച്ചതായി നഗരസഭാ അധ്യക്ഷ അറിയിച്ചു. 

Tags: