കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി

Update: 2021-03-28 13:53 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ചവരുത്തുന്നതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചന നല്‍കി. ലോക്ക് ഡൗണ്‍പ്രഖ്യാപിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പദ്ധതി തയ്യാറാക്കാന്‍ ഉദ്ദവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി രാജേഷ് തോപ്പും ചീഫ് സെക്രട്ടറി സീതാറാം കുണ്ടെയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ടാസ്‌ക് ഫോഴ്‌സും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മിലുള്ള സംയുക്ത യോഗത്തില്‍ പങ്കെടുത്തശേഷമാണ് ഉദ്ദവ് ലോക്ക് ഡൗണിലേക്ക് പോകുന്നതായുള്ള സൂചന നല്‍കിയത്.

യോഗത്തില്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വ്യാപനത്തില്‍ ആശങ്കപ്രകടിപ്പിച്ചു. കൊവിഡ് രോഗം വര്‍ധിക്കുന്നത് കൊവിഡ് മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുമെന്നും വിദഗഗ്ധര്‍ കരുതുന്നു.

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അത് ആരോഗ്യചികില്‍സാ രംഗത്ത് വലിയ സമ്മര്‍ദ്ദത്തിന് കാരണമാവും. അതൊരു ആരോഗ്യപ്രതിസന്ധി തന്നെ സംസ്ഥാനത്ത് സൃഷ്ടിക്കാനും കാരണമാവും-ഉദ്ദവ് മുന്നറിയിപ്പുനല്‍കി.

സര്‍ക്കാര്‍ ഓഫിസിലും സെക്രട്ടേറിയറ്റിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിക്കാനുള്ള ആലോചനയുണ്ട്.

ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നു. ഈ സാഹചര്യത്തില്‍ അധികാരികള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് ആരോഗ്യ മന്ത്രിര രാജേഷ് തോപ് പറഞ്ഞു.

നിലവില്‍ 3.75 ലക്ഷം കിടക്കകളുള്ളതില്‍ 1.07 ലക്ഷവും പൂര്‍ണമായും നിറഞ്ഞുകഴിഞ്ഞു. ബാക്കിയുള്ളവ നിറഞ്ഞുകവിയുകയാണെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്ത് ലഭ്യമായ 60,349 ഓക്‌സിജന്‍ ബെഡുകളില്‍ 12,701 എണ്ണത്തിലും രോഗികളുണ്ട്. 9030 വെന്റിലേറ്ററുകളില്‍ 1881 എണ്ണവും ഉപയോഗത്തിലാണ്.

കൊവിഡ് വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും നൈറ്റ് കര്‍ഫ്യൂ പോലുള്ള നിയന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ തന്നെ മുംബൈയിലാണ് കൊവിഡ് വ്യാപനം ഏറ്റവും കൂടിയിട്ടുള്ളത്.