കൊവിഡ് പ്രതിരോധം: ആറംഗ സംഘത്തെ കേരളത്തിലേക്കയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Update: 2021-07-29 06:03 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഇപ്പോഴും നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ കേരളത്തിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ആറ് പേരടങ്ങുന്ന സംഘത്തെ ദേശീയ ദുരന്തനിയന്ത്രണ കേന്ദ്രം ഡയറക്ടര്‍ നയിക്കും.

കൊവിഡ് വ്യാപനം ഇപ്പോഴും കേരളത്തില്‍ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് സംഘത്തെ അയക്കുന്നതെന്ന് മന്‍സുഖ് മണ്ഡവ്യ ട്വീറ്റ് ചെയ്തു. വിദഗ്ധ സംഘം റിപോര്‍ട്ട് കേന്ദ്രത്തിന് കൈമാറും.

കേരളത്തിലെ കൊവിഡ് വ്യാപനനിയന്ത്രണം ശരിയായ ദിശയിലല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതിയും മുന്നറിയിപ്പുനല്‍കിയിരുന്നു.

നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നോട്ടുപോയ കേരളം ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് കേന്ദ്രമായി മാറിയിരിക്കുകയാണ്. 

ഈദുല്‍ അസ്ഹയ്ക്ക് കേരളം ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുമതി ആവശ്യപ്പെട്ടിരുന്നില്ലെന്ന് മതസംഘടനകള്‍ പറയുന്നു. വ്യാപാരികളുടെ ആവശ്യം നിറവേറ്റിയ സര്‍ക്കാര്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അത് ഇസ് ലാമിക സംഘടനകളുടെ തലയില്‍കെട്ടിവയ്ക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു.