കൊവിഡ് പ്രതിരോധം: പത്തനംതിട്ടയില്‍ എസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന; നിരീക്ഷണത്തിന് ജില്ലയില്‍ 92 ടീമുകള്‍

Update: 2021-04-21 04:08 GMT

പത്തനംതിട്ട: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാ പോലിസ് മേധാവി ആര്‍. നിശാന്തിനി നേരിട്ടു പരിശോധന നടത്തി. പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാ പോലിസ് മേധാവി മിന്നല്‍ പരിശോധന നടത്തിയത്.

കൊവിഡ് മാനദണ്ഡങ്ങള്‍ ജില്ലയില്‍ പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിന് നാനൂറില്‍ അധികം പോലിസുകാരെ 92 ടീമുകളായി തിരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. ജനങ്ങള്‍ കൃത്യമായി മാസ്‌കുകള്‍ ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഇവര്‍ ഉറപ്പു വരുത്തും. ഇതിനൊപ്പം മാസ്‌ക്ക് ധരിക്കുന്നതിന്റെയും, സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.

സംസ്ഥാനതല കൊവിഡ് പ്രതിരോധ കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ രണ്ടു ദിവസത്തെ തീവ്ര പരിശോധനയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് അനൗണ്‍സ്‌മെന്റ് വാഹനങ്ങളും, ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജനമൈത്രി പോലിസിനെയും നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. കണ്ടെയ്ന്‍മെന്റ് സോണുകളിലും, ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കും.

Similar News