കൊവിഡ് പ്രതിരോധം: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിനു അന്താരാഷ്ട്ര അംഗീകാരം

Update: 2021-03-10 12:33 GMT

കൊച്ചി: മഹാവ്യാധിയുടെ കാലഘട്ടത്തില്‍ സുരക്ഷിത യാത്രയൊരുക്കിയതിന് കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. വ്യോമയാന മേഖലയിലെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ 'വോയ്‌സ് ഓഫ് ദ കസ്റ്റമര്‍ ' പുരസ്‌ക്കാരത്തിനാണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,( സിയാല്‍,) അര്‍ഹമായത്.

കൊവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ യാത്രക്കാര്‍ക്ക് എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് മനസ്സിലാക്കാന്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ എല്ലാ വിമാനത്താവളങ്ങളിലും പഠനം നടത്തിയിരുന്നു. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും മഹാവ്യാധിയുടെ കാലത്ത് അവരില്‍ സുരക്ഷിതത്വ ബോധം പകരാനും സിയാലിന്റെ നടപടികള്‍ ഉപകരിക്കപ്പെട്ടുവെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ജനറല്‍ ലൂയിസ് ഫെപില് ഡി ഒലിവെറ, പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പില്‍ വ്യക്തമാക്കി.

വിമാനത്താവള പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പിക്കാന്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ വിവിധ പദ്ധതികള്‍ പ്രയോജനം ചെയ്യുന്നതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ പറഞ്ഞു. 'പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഒരു സ്ഥാപനത്തിന്റെ ശേഷി മനസ്സിലാക്കാന്‍ എയര്‍പോര്‍ട്ട് കൗണ്‍സിലിന്റെ വോയ്‌സ് ഓഫ് ദ കസ്റ്റമര്‍ പോലുള്ള അംഗീകാരങ്ങള്‍ അവസരമൊരുക്കുന്നു. യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഗമമവുമായുള്ള യാത്രാനുഭവം നല്‍കാന്‍ സിയാല്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്'- കുര്യന്‍ പറഞ്ഞു.

യാത്രക്കാരുടെ സംതൃപ്തി മാനദണ്ഡമാക്കി എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന 'പാസഞ്ചര്‍ സാറ്റിസ്ഫാക്ഷന്‍ അവാര്‍ഡിന്' 2018ലും 2019ലും സിയാല്‍ അര്‍ഹമായിരുന്നു. കൊവിഡ് കാലഘട്ടത്തില്‍ ഒട്ടേറെ ആധുനിക സന്നാഹങ്ങള്‍ സിയാല്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓട്ടോമാറ്റിക് അണുനാശിനികളും അള്‍ട്രാവയലറ്റ് ബാഗേജ് അണുവിമുക്ത യന്ത്രങ്ങളും ബോര്‍ഡിങ് പാസ് കിയോസ്‌ക്കുകളും സിയാല്‍ ടെര്‍മിനലുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. 2020ല്‍ 33.38 ലക്ഷം യാത്രക്കാരേയും 30,737 വിമാനസര്‍വീസുകളേയും സിയാല്‍ കൈകാര്യം ചെയ്തു. 48,424 മെട്രിക് ടണ്‍ കാര്‍ഗോയും കൊച്ചി വിമാനത്താവളം വഴി കടന്നുപോയിരുന്നു.

Tags: