ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ 4,454 പേര്‍ മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 2.22.315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച 2,40,842 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച ഇതിനേക്കാള്‍ കൂടുതലായിരുന്നു, 2,76,070 പേര്‍.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രോഗബാധിതരേക്കാള്‍ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. കഴിഞ്ഞ ദിവസം മാത്രം 3,02,544 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരാവുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇത്.
രാജ്യത്ത് ഇതുവരെ 2,67,52,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27,20,716 പേര്‍ വിവിധ ആശുപത്രികളില്‍ലും വീടുകളിലുമായി കഴിയുന്നു.
പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തേക്കാള്‍ കുറവ് വരുന്നത് ഇത് തുടര്‍ച്ചയായി എട്ടാം നാളാണ്. ഇതുവരെ 3,03,720 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ദീര്‍ഘകാലം കൊവിഡ് വ്യാപനത്തില്‍ മുന്നിലായിരുന്ന മഹാരാഷ്ട്ര ഇപ്പോള്‍ കര്‍ണാടകയ്ക്കു പിന്നിലാണ്. കര്‍ണാടകയില്‍ ഇപ്പോള്‍ 4,73,007 സജീവ രോഗികളും മഹാരാഷ്ട്രയില്‍ 3,51,005 സജീവ രോഗികളുമാണ് ഉള്ളത്. കേരളത്തില്‍ സജീവ രോഗികള്‍ 2,77,973.
