കാന്‍പൂരിലെ ഗ്രാമീണ മേഖലയില്‍ കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു

Update: 2021-05-12 18:53 GMT

കാന്‍പൂര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ കാന്‍പൂരിലെ ഗ്രാമീണ മേഖലയില്‍ കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു. പല ഗ്രാമങ്ങളിലും രോഗം പിടിപെട്ട മിക്കവര്‍ക്കും ശ്വാസതടസ്സം നേരിട്ടിട്ടുണ്ട്. മരണവും കൂടുതലാണ്. ഓക്‌സിജന്‍ ആവശ്യമായ രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാത്തതും മരണത്തിന് കാരണമാവുന്നു.

കാന്‍പൂരിലെ നിരവധി കുടുംബങ്ങളില്‍ ഒന്നിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

ചിലരാകട്ടെ കടുത്ത പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായിട്ടും ആശുപത്രിയിലേക്ക് പോകാത്തവരാണ്. ആശുപത്രിയില്‍ പോയവരില്‍ പലര്‍ക്കും കിടക്കയും ലഭ്യമായില്ല.

രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ വലിയ ലക്ഷണങ്ങള്‍ കാണിക്കാത്തവരും പൊടുന്നെ മരിച്ച സംഭവങ്ങളുമുണ്ട്. പല ആശുപത്രികളും രോഗികളുടെ ബന്ധുക്കളോട്

ഓക്‌സിജന്‍ സിലിണ്ടര്‍ സ്വയം കണ്ടെത്താന്‍ നിര്‍ദേശിക്കുകയാണ്. അതിനെടുക്കുന്ന സമയത്തിനുള്ളില്‍ രോഗി മരിച്ച നിരവധി സംഭവങ്ങളുണ്ട്.

പല ഗ്രാമങ്ങളിലും കൊവിഡ് ആണോ എന്നുപോലും പരിശോധിക്കുന്നില്ല. കാന്‍പൂരിലെ ഒരു ഗ്രാമത്തില്‍ കൊവിഡ് സ്ഥിരീകരിക്കാതെ കൊവിഡിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള 35 പേരാണ് മരിച്ചത്.

മിക്കവാറും ഗ്രാമങ്ങളില്‍ 20-25 പേര്‍ വച്ച് കൊവിഡിനു സമാനമായ രോഗം ബാധിച്ച് മരിച്ചുകഴിഞ്ഞു.

കൊവിഡ് ആണോ എന്ന് തിരിച്ചറിയണമെങ്കില്‍ പോലും അഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ പോകേണ്ടിവരുന്നതുകൊണ്ടാണ് പരിശോധന നടത്താത്തതെന്ന് ഗ്രാമസേവകനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ഒന്നാം തരംഗത്തില്‍ നിന്നു വ്യത്യസ്തമായി രണ്ടാം തരംഗം ഗ്രാമീണ മേഖലയെയാണ് ബാധിച്ചിട്ടുള്ളത്.