രണ്ടാം ലോക്ക് ഡൗണ്‍ കാലത്ത് ബ്രിട്ടനില്‍ കൊവിഡ് മരണനിരക്ക് 30 ശതമാനം കുറഞ്ഞതായി പഠനം

Update: 2020-11-30 13:51 GMT

ലണ്ടന്‍: രണ്ടാം ലോക്ക് ഡൗണ്‍ കാലത്ത് ബ്രട്ടനില്‍ കൊവിഡ് മരണനിരക്കില്‍ 30 ശതമാനം ഇടിവുണ്ടായതായി പഠനം.

നവംബര്‍ 5ാം തിയ്യതി മുതല്‍ ആരംഭിച്ച രണ്ടാം ലോക്ക്ഡൗണ്‍ കാലത്താണ് മരണനിരക്ക് കുറയാന്‍ ആരംഭിച്ചതെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജ് നടത്തിയ പഠനത്തില്‍ പറയുന്നു.

മരണനിരക്കില്‍ കുറവുണ്ടായതിനു പുറമെ കൊവിഡ് വ്യാപനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതിനും പുറമെ കൊവിഡ് പ്രത്യുല്‍പ്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്. അത് ഒരു ശതമാനത്തില്‍ താഴെയാണ്. ഒരാള്‍ എത്ര പേരിലേക്ക് കൊവിഡ് വ്യാപിപ്പിക്കുമെന്നതിന്റെ നിരക്കാണ് കൊവിഡ് പ്രത്യുല്‍പ്പാദന നിരക്ക്.

കൊവിഡ് വാക്‌സിന്‍ കണ്ടെത്തുംവരെ തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ കൊവിഡ് വ്യാപന നിരക്ക് കുറച്ചുനിര്‍ത്തുകയാണ് വേണ്ടതെന്ന് പഠനത്തില്‍ പറയുന്നു.

നവംബര്‍ 5ന് ആരംഭിച്ച ലോക്ക് ഡൗണ്‍ അടുത്ത വ്യാഴാഴ്ച പിന്‍വലിക്കാനിരിക്കെയാണ് പഠനം പുറത്തുവന്നിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം.

എന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് ഇപ്പോഴും സമവായത്തിലെത്തിയിട്ടില്ല. കൊവിഡ് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനെടുത്ത തീരുമാനത്തിന് അടിസ്ഥാനമായ വസ്തുതകള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

Similar News