രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95.77 ശതമാനമായി

Update: 2020-12-25 18:29 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയിലെ കണക്കനുസരിച്ച് അത് 95.77 ശതമാനമാണ്. രാജ്യത്ത് ഏറ്റവും തീവ്രമായി രോഗബാധ അനുഭവപ്പെട്ട ധാരാവിയില്‍ ഒരാള്‍ക്കുപോലും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടില്ല.

''രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 95.77 ശതമാനമായി മെച്ചപ്പെട്ടു. ആകെ രോഗമുക്തരുടെ എണ്ണം 0.97 കോടി ആയിട്ടുണ്ട്. കൊവിഡ് രോഗമുക്തരുടെയും സജീവ രോഗികളുടെയും എണ്ണത്തിലുള്ള വ്യത്യാസത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ അത് 94,35,915 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 24,661 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തരുടെ എണ്ണം 97,17,834 ആയി. 23,068 പേര്‍ക്കാണ് വെള്ളയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതതരുടെ എണ്ണം 1,01,46,846 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലായി 2,81,919 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. 336 പേര്‍ വെള്ളിയാഴ്ച മാത്രം മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,47,092.

രോഗമുക്തരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍, 4,801. മഹാരാഷ്ട്ര 3,171, ബംഗാള്‍ 2,054, ഛത്തിസ്ഗഢ് 1,692, കര്‍ണാടക 1,268, ഉത്തര്‍പ്രദേശ് 1,181, ഗുജറാത്ത് 1,181, ഡല്‍ഹി 1,120 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗമുക്തരുടെ എണ്ണം.

പത്തു ലക്ഷം ജനസംഖ്യയില്‍ കൊവിഡ് മൂലം മരിക്കുന്നവരുടെ നിരക്ക് കണക്കാക്കുമ്പോള്‍ ആഗോള തലത്തില്‍ ഇന്ത്യയാണ് ഏറ്റവും മെച്ചപ്പെട്ട രാജ്യം. പത്തുലക്ഷത്തിന് 106 പേരാണ് ഇന്ത്യയില്‍ മരണപ്പെട്ടത്. രാജ്യത്തെ മരണനിരക്ക് 1.45 ശതമാനമാണ്.