കൊവിഡ് നിയന്ത്രണം: ശബരിമലയിലെ നടവരവ് 156 കോടി രൂപയില്‍ നിന്ന് 9 കോടിയായി ഇടിഞ്ഞു

Update: 2020-12-26 04:15 GMT

പത്തനംതിട്ട: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ശബരിമല നടവരവിനെ ഗണ്യമായി ബാധിച്ചു. ശബരിമല സീസണ്‍ തുടങ്ങി 39 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ ലഭിച്ച നടവരവ് 9.09 കോടിയാണ്. ഇതേ സമയത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 156.60 കോടി രൂപയായിരുന്നു.

ഇതുവരെ ശബരിമലയില്‍ 71,706 പേര്‍ ദര്‍ശനം നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ശബരിമലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

''ശബരിമലയിലെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം ഭക്തര്‍ മാത്രമാണ് ഇത്തവണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്''- അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശമനുസരിച്ചായിരിക്കും ദര്‍ശനം നടത്തുന്ന ഭക്തരുടെ എണ്ണം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലകാല തീത്ഥാനടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീസണ്‍ ആരംഭിച്ച ശേഷം സന്നിധാനത്ത് 390 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 24 വരെയുള്ള കണക്കാണ് ഇത്. 96 ഭക്തരെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരിച്ചയച്ചു. 289 ജീവനക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആരോഗ്യം, പോലിസ്, ദേവസ്വം, കെഎസ്ഇബി, എക്‌സൈസ് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള സ്ഥിരം, താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടുന്നു.

കൊവിഡ് സ്ഥിരീകരിച്ചവരെയും അവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവരെയും സന്നിധാനത്തുനിന്ന് ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Similar News