രാജ്യത്ത് 18,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ധാരാവിയില്‍ പുതിയ കേസുകള്‍ ഇന്നുമില്ല

Update: 2020-12-27 04:38 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 2,78,690 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 97,61,538 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

രോഗമുക്തരുടെ എണ്ണം കൂടിവരുന്നതും രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതും സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് ഐസിഎംആറിന്റെ കണക്കനുസരിച്ച് 95.78 ശതമാനമാണ്. രാജ്യത്തെ 90 ശതമാനം രോഗമുക്തരും പത്ത് സംസ്ഥാനങ്ങളിലാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഒരു മാസമായി പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരുടെ എണ്ണത്തെ കവച്ചുവച്ചിട്ടുണ്ട്. ആകെ രോഗമുക്തരുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യയാണ് മുന്നില്‍. രോഗബാധിതരില്‍ രണ്ടാം സ്ഥാനത്താണെങ്കിലും മരണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പുതുതായി പരിശോധിക്കുന്നവയില്‍ 5 ശതമാനം ഓള്‍ ജിനോം സീക്വന്‍സ് പരിശോധനയ്ക്ക് വിധേയമാക്കും.

അതേസമയം പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നിലവില്‍ സ്വീകരിച്ചിരിക്കുന്ന കൊവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ ധാരാവിയില്‍ നിന്ന് പുതിയ കൊവിഡ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലൊന്നാണ് ധാരാവി. 2.1 ചതുരശ്രകിലോമീറ്ററില്‍ 10,00,000 പേരാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്.