കൊവിഡ്: മഹാരാഷ്ട്രയില്‍ സിനിമാഹാളുകളും ഓഡിറ്റോറിയങ്ങളും തുറന്നു

Update: 2021-10-22 07:57 GMT

മുംബൈ: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്നു മുതല്‍ മഹാരാഷ്ട്രയില്‍ സിനിമാ തിയ്യറ്ററുകളും ഓഡിറ്റോറിയങ്ങളും തുറന്നുപ്രവര്‍ത്തിക്കും. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ 50 ശതമാനം പേര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. ദീപാവലിക്കുശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച് പ്രവേശിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കും.

നൂറ് ശതമാനം ശേഷിയോടെ തുറക്കാന്‍ അനുവദിക്കണമെന്നാണ് തിയ്യറ്റര്‍ ഉടമസ്ഥരുടെ ആവശ്യം. എന്നാല്‍ ദീപാവലി വരെ ക്ഷമിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉപദേശം.

ഒക്ടോബര്‍ 22ന് ഓഡിറ്റോറിയങ്ങളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും തിയ്യറ്ററുകളും തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

ഹോട്ടലുകളുടെയും കടകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പിന്നീട് കൈക്കൊള്ളും.

മാര്‍ച്ച് 2020 മുതല്‍ മഹാരാഷ്ട്രയില്‍ സിനിമാഹാളുകള്‍ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തുറന്നെങ്കിലും ഏപ്രില്‍ 2021ന് വീണ്ടും അടച്ചു.