കൊവിഡ്: 'കൊറോണവൈറസ് രാവണനെ' കത്തിച്ച് മുംബൈയില്‍ ബിജെപിയുടെ വാക്‌സിനേഷന്‍ ദിനാചരണം

Update: 2021-01-16 13:43 GMT

മുംബൈ: കൊവിഡ് വാക്‌സിനേഷന്‍ ദിനത്തോടനുബന്ധിച്ച് മുംബൈ ബിജെപി പ്രവര്‍ത്തകര്‍ കൊറോണ വൈറസ് രാവണനെ കത്തിച്ചു. മുംബൈയിലെ ഖോട്‌കോപ്പര്‍ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരാണ് കൊറോണ വൈറസ് ദിനത്തെ ആഘോഷമാക്കി മാറ്റിയത്. ദീപാവലി ദിനത്തിലെന്ന പോലെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു.

ജനുവരി 16ാം തിയ്യതിയാണ് ഇന്ത്യയിലാകമാനം കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയത്. വെസ്റ്റ് ഖോട്‌കോപ്പര്‍ എംഎല്‍എ രാം കടത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടന്നത്.

ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയാണ് ജനുവരി 16ാം തിയ്യതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടങ്ങിയത്. ഇന്ത്യ മുഴുവന്‍ കാത്തിരുന്ന ദിനമാണ് ഇത്- അദ്ദേഹം പറഞ്ഞു.

രാമന്‍ ലങ്കയില്‍ നിന്ന് മടങ്ങിയെത്തിയ ദിവസം ദീപാവലിയായി ആഘോഷിക്കുന്നപോലെ ഈ ദിവസം ആഘോഷിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകമാനം നടന്ന കൊവിഡ് വാക്‌സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം ചെയ്തത്.

തെക്കേ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍, പ്രത്യേകിച്ച് ദലിതര്‍ രാവണനെ ദൈവമായി കരുതുന്നു.

Tags: