കൊവിഡ്: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ മാത്രം; പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ

Update: 2021-01-27 17:51 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തുവാന്‍ തീരുമാനിച്ചു. പൊങ്കാല ഇത്തവണ ക്ഷേത്ര കോമ്പൌണ്ടിനുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തും. ബുധനാഴ്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ചടങ്ങുകള്‍ ആചാരപരമായി ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കും. ക്ഷേത്രപരിസരത്തെ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുക.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് യോഗം ചേര്‍ന്നത്.

ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൌണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കേണ്ടതില്ല എന്നും യോഗം തീരുമാനിച്ചു. ആള്‍ക്കാര്‍ക്ക് അവരവരുടെ സ്വന്തം വീടുകളില്‍ പൊങ്കാലയിടാവുന്നതാണ്.

ഗ്രീന്‍ പ്രോട്ടോകോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനമായി. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News