ആന്റിജന്‍ പരിശോധന: മാളയില്‍ 90 പേരില്‍ രണ്ട് പേര്‍ക്ക് കൊവിഡ്, രോഗബാധിതരില്‍ രണ്ട് വയസ്സുള്ള കുട്ടിയും

Update: 2020-08-02 16:24 GMT

മാള: മാള ഗ്രാമപഞ്ചായത്തിലെ കാട്ടിക്കരകുന്നില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. 90 പേരെയാണ് പരിശോധനയക്ക് വിധേയമാക്കിയത്. 28 വയസുള്ള യുവതിക്കും രണ്ട് വയസുള്ള കുട്ടിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്നലെ പത്ത് പേര്‍ക്കാണ് പ്രദേശത്ത് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയത്. ഇതോടെ ഗ്രാമപഞ്ചായത്തില്‍ കൊവിഡ് രോഗികള്‍ 21 ആയി. യുവതിയും അവരുടെ കുട്ടിയും ബന്ധുവായ മറ്റൊരു കുട്ടിയും ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

യുവതിയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കാട്ടിക്കരകുന്നില്‍ മാത്രം 21 കേസുകള്‍ ഇതോടെ റിപോര്‍ട്ട് ചെയ്യപ്പെട്ടു. പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴില്‍ കൊവിഡ് ബാധിതനായ വൈദിക വിദ്യാര്‍ത്ഥിയുടെ വീട്ടിലെ രണ്ട് പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 49 ആയി. ഇതില്‍ 16 പേര്‍ വിദേശത്ത് നിന്ന് വന്നവരും ആറ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കൊവിഡ് പോസിറ്റിവ് ആയത്. ഇതില്‍ 23 പേര്‍ വിവിധ കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലാണ്. 26 പേര്‍ രോഗമുക്തരായിട്ടുമുണ്ട്.

ഇന്നലെ വാര്‍ഡ് ആറിലെ ലക്ഷംവീട് കോളനിയില്‍ നിന്നും 18 പേര്‍ അടക്കം പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ 26 പേരുടെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിന് സാംപിള്‍ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ നിന്നും കൊവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 503 ആയി. 

Similar News