പ്രസവവാര്‍ഡിലെ രോഗിക്ക് കൊവിഡ്: പെരിന്തല്‍മണ്ണ ജില്ലാ ആശുപ്രതിയിലെ പ്രസവവാര്‍ഡില്‍ പ്രവേശനം നിര്‍ത്തി

Update: 2020-08-04 10:28 GMT

പെരിന്തല്‍മണ്ണ: പ്രസവത്തിന് എത്തിയ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപ്രതിയിലെ പ്രസവ വാര്‍ഡില്‍ പ്രവേശനം നിര്‍ത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവ ശേഷം വാര്‍ഡില്‍ കിടത്തിയിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെയും കുഞ്ഞിനെയും ഉടന്‍ തന്നെ മഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

പ്രത്യേക മാതൃ ശിശു ബ്ലോക്കിലാണ് പ്രസവവാര്‍ഡ്. നിലവില്‍ പതിനഞ്ചോളം പേര്‍ ചികില്‍സയിലുണ്ട്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. പുതുതായി പ്രവേശനം നല്‍കുന്നതാണ് തല്‍ക്കാലം നിര്‍ത്തി വെച്ചത്.

നിലവിലുള്ളവരെ ഡിസ്പാര്‍ജ് ചെയ്ത ശേഷം വാര്‍ഡ് അണുവിമുക്തമാക്കുന്നതിനായി 3 ദിവസം അടച്ചിടും. വാര്‍ഡിലുള്ളവരെ പരിചരിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഈ ബ്ലോക്കില്‍ തന്നെയാണ് താമസം. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുമായാണ് ഈ വാര്‍ഡില്‍ രോഗികള്‍ക്ക് പരിചരണം നല്‍കുന്നത്. ഇവിടെ ഡ്യൂട്ടി എടുക്കുന്നവരെ മറ്റു വാര്‍ഡുകളിലെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നതിനാല്‍ ജീവനക്കാരോ ഡോക്ടര്‍മാരോ ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Similar News