മലപ്പുറത്ത് ഇന്ന് 298 പേര്‍ക്ക് കൊവിഡ്; 257 പേര്‍ക്ക് രോഗമുക്തി

-നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 258 പേര്‍ക്ക് രോഗം, -ഉറവിടമറിയാത്ത രോഗബാധിതര്‍ 23 പേര്‍, -ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം, -രോഗബാധിതരായി ചികില്‍സയില്‍ 3,104 പേര്‍, -ആകെ നിരീക്ഷണത്തിലുള്ളത് 32,851 പേര്‍,

Update: 2020-09-16 12:43 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 258 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേര്‍ക്ക് ഉറവിടമറിയാതെയും കൊവിഡ് 19 ബാധിച്ചു. വൈറസ് ബാധയുണ്ടായവരില്‍ ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒരാള്‍ വിദേശ രാജ്യത്ത് നിന്നെത്തിയതുമാണ്.

    അതേസമയം, 257 പേര്‍ക്ക് വിദഗ്ധ ചികില്‍സയ്ക്കു ശേഷം കൊവിഡ് ഭേദമായതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധിതരുടെ വര്‍ധനവിന് ആനുപാതികമായി രോഗമുക്തരാകുന്നവരുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുന്നത് ആശ്വാസകരമാണ്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ജനകീയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 10,562 പേരാണ് വിദഗ്ധ ചികില്‍സയ്ക്കു ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

    32,851 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,104 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 453 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,798 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,38,324 സാംപിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 2,162 സാംപിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

    രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


Covid: 298 in Malappuram today; 257 people were cured



Tags:    

Similar News