കൊവിഡ് വ്യാപനം : പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തും; അവലോകന യോഗം ചേര്‍ന്നു

Update: 2022-01-16 03:56 GMT

തൃശൂര്‍: കൊവിഡ് മൂന്നാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ യോഗം ചേര്‍ന്നു.

അടിയന്തരമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ എല്ലാ വകുപ്പുകളുടെയും നേതൃത്വത്തില്‍ മത രാഷ്ട്രീയ നേതാക്കള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ തഹസില്‍ദാര്‍മാര്‍ കൈക്കൊള്ളണമെന്ന് യോഗം തീരുമാനിച്ചു. ഉത്സവങ്ങള്‍, തിരുനാളുകള്‍, പൊതുപരിപാടികള്‍ എന്നിവ കൂടുതലായി നടക്കുന്ന സാഹചര്യത്തില്‍ അനുവദനീയമായ ആളുകളേക്കാള്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടുന്നത് ഒഴിവാക്കും. ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് ഉടന്‍ നികത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പുവരുത്താനും ജില്ലാ മെഡിക്കല്‍ ഓഫീസറെ യോഗം ചുമതലപ്പെടുത്തി.

ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നിടത്ത് റാപ്പിഡ് റിസോഴ്‌സ് ടീമിനെ (ആര്‍ ആര്‍ ടി ) പുനഃസംഘടിപ്പിച്ച് നിരീക്ഷണം ശക്തമാക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് എഡിഎം റെജി പി ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പൊലീസ് മേധാവി, മറ്റ് ജനപ്രതിനിധികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: