കൊവിഡ് 19: ഡല്‍ഹി സര്‍ക്കാരിന് 8000 കിടക്കകള്‍ സജ്ജമാക്കിയ 500 കോച്ചുകള്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Update: 2020-06-14 16:48 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ്19 വ്യാപനം തടയുന്നതിനും രാജ്യതലസ്ഥാനം സുരക്ഷിതമാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായുള്ള കിടക്കകളുടെ എണ്ണക്കുറവ് പരിഗണിച്ച് 8000 കിടക്കകള്‍ സജ്ജമാക്കിയ, എല്ലാ ചികില്‍സാ സൗകര്യങ്ങളുമുള്ള 500 റെയില്‍വേ കോച്ചുകള്‍ ഡല്‍ഹി ഗവണ്‍മെന്റിന്അടിയന്തരമായി കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ കൊവിഡ്19 അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പരിശോധന രണ്ട് ദിവസത്തിനുള്ളില്‍ ഇരട്ടിയും ആറു ദിവസത്തിനുള്ളില്‍ മൂന്നിരട്ടിയുമാക്കും. സ്വകാര്യ ആശുപത്രികള്‍ ചികില്‍സയ്ക്കായി 60 ശതമാനം കിടക്കകള്‍ നല്‍കുന്നുണ്ടെന്നും മിതമായ നിരക്കിലാണു പരിശോധന നടത്തുന്നതെന്നും ഉറപ്പാക്കാന്‍ സമിതിക്കു രൂപം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള വീടുകള്‍ തോറും സര്‍വേ നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. സര്‍വേ ഫലപ്രദമായി നടപ്പാക്കാന്‍ ജനങ്ങളോട് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങള്‍ കൂടാതെ ഓരോ പോളിംഗ് സ്‌റ്റേഷന്‍ പരിധിയിലും പരിശോധനകള്‍ നടത്തും. രോഗത്തെ ഫലപ്രദമായി നേരിടാനും രോഗവ്യാപനം തടയാനും ആശുപത്രികളെ സഹായിക്കാന്‍ എയിംസിലേതുള്‍പ്പെടെ മറ്റ് പ്രഗല്‍ഭരായ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി സമിതിക്കു രൂപം നല്‍കും. കൊവിഡുമായി ബന്ധപ്പെട്ട ഹെല്‍പ് ലൈന്‍ നമ്പര്‍ നാളെ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. അനില്‍ ബെയ്ജാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News