കൊവിഡ്കാല കുര്‍ബാനക്ക് ശാസ്ത്രീയ നിയന്ത്രണമൊരുക്കി ഫാ. അഗസ്റ്റിന്‍ പുത്തന്‍പുരയുടെ വേറിട്ട മാതൃക

Update: 2020-06-06 10:15 GMT

പി സി അബ്ദുല്ല

കല്‍പറ്റ: കൊവിഡ് കാലത്ത് വിശ്വാസികള്‍ക്ക് ഭീതിയില്ലാതെ കുര്‍ബാനയര്‍പ്പിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളും നിയന്ത്രണങ്ങളുമൊരുക്കി ഒരു വികാരിയുടെ വേറിട്ട മാതൃക. മാനന്തവാടി രൂപതക്കു കീഴിലുള്ള പ്രധാന ഇടവകയായ കല്ലോടി സെന്റ് ഫൊറാനാ പള്ളിയിലാണ് ഫാ. അഗസ്റ്റിന്‍ പുത്തന്‍പുര പുതിയ ശീലങ്ങള്‍ക്ക് തുടക്കമിട്ടത്.

എഴുനൂറിലേറെ കുടുംബങ്ങളാണ് കല്ലോടി ഇടവകയിലുള്ളത്. സര്‍ക്കാര്‍ അനുമതി പ്രകാരം അടുത്ത ദിവസം പള്ളി തുറക്കുമ്പോള്‍ വിശ്വാസികള്‍ കൂട്ടമായെത്തുന്നത് ഒഴിവാക്കാനും കൊവിഡ് പ്രതിരോധം ഉറപ്പുവരുത്തിയുമുള്ള സംവിധാനങ്ങളാണ് ഫാ.അഗസ്റ്റിന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

കൊവിഡ് നിയന്ത്രണങ്ങള്‍ തീരുംവരെ ഇടവകയിലെ ഓരോ വാര്‍ഡുകളില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് ഓരോ ദിവസങ്ങളാണ് കുര്‍ബാനക്കായി നിശ്ചയിച്ചിട്ടുള്ളത്. ഒരു കുടുംബത്തില്‍ നിന്ന് രണ്ടു പേര്‍ മാത്രമെ ദിവസം പങ്കെടുക്കാവൂ എന്നാണ് നിര്‍ദേശം. ഇടവകയിലെ കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഒരു തവണ പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ പന്ത്രണ്ടു ദിവസം കഴിഞ്ഞാലേ അടുത്ത കുര്‍ബാനയില്‍ പങ്കെടുക്കാവൂ.

എട്ടടിയിലേറെ അകലത്തിലാണ് പള്ളിയില്‍ കുര്‍ബാനക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കല്ലോടി പള്ളി വിശാലയാണെങ്കിലും ഒരു സമയം 60 പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്താനാണു തീരുമാനം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പ്രത്യേകം കവാടങ്ങളില്‍ കാലുകൊണ്ട് പ്രവര്‍ത്തിപ്പിച്ചാല്‍ കൈ ശുദ്ധിയാക്കാനാവും വിധം സാനിറ്റെസര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപന സാധ്യത ഒഴിവാക്കാനായി വിശ്വാസികള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കാന്‍ ഇടവകയിലെ വാട്‌സാപ്പ് ഗ്യൂപ്പുകള്‍ വഴിയുള്ള ബോധവത്കരണവും നടക്കുന്നുണ്ട്.

പയ്യംമ്പള്ളി സ്വദേശിയായ ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര മൂന്നു വര്‍ഷമായി കല്ലോടിയില്‍ വികാരിയാണ്. 

Similar News