കൊവിഡ് 19: പ്രവാസി തൊഴിലാളികളുടെ പ്രശ്‌നപരിഹാര നിര്‍ദേശങ്ങളുമായി സാമൂഹികപ്രവര്‍ത്തകരും അക്കാദമിക വിദഗ്ധരും
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി ലോകത്തെ ആക്രമിക്കാന്‍ തുടങ്ങിയതോടെ പ്രതിസന്ധിയിലായ ഒരു വിഭാഗമാണ് പ്രവാസികള്‍. അത് ഇന്ത്യന്‍ പ്രവാസികള്‍ മാത്രമല്ല, ലോകത്തെ എല്ലാ പ്രവാസ ജനവിഭാഗവും അനുഭവിക്കുന്ന വിഷമങ്ങളാണ്. ഇക്കാര്യത്തില്‍ പ്രത്യേക വിഷമസന്ധികള്‍ അനുഭവിക്കുന്നു ഗള്‍ഫിലെയും മറ്റുമുളള ഇന്ത്യക്കാര്‍. ഇവരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് മുപ്പതോളം സാമൂഹികപ്രവര്‍ത്തകരും അക്കാദമിക വിദഗ്ധരും അടങ്ങുന്ന ഒരു സംഘം.
കൊവിഡ് സമയത്ത് വിവിധ രാജ്യങ്ങളില്‍ പെട്ടുപോയ പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രവാസികളും അതാഗ്രഹിക്കുന്നു. നില്‍ക്കുന്ന രാജ്യത്തെ സംവിധാനങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാകുമോ എന്ന ഭയവും ക്വാറന്റീന്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും ചികില്‍സ ലഭിക്കുമോ എന്ന ഭീതിയും ഒക്കെ ഇവരുടെ മുന്നിലുള്ള വെല്ലുവിളികളാണ്. ഈ സാഹചര്യത്തിലാണ് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ എംബസികളെ പ്രവാസികള്‍ സമീപിക്കുന്നത്.
യാത്രാവിലക്ക് നീങ്ങുന്ന മുറക്ക് പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലെത്തിയാല്‍ അത് രാജ്യത്ത് കൊവിഡ് ബാധയുടെ അടുത്ത തരംഗം സൃഷ്ടിക്കുമെന്ന് എല്ലാവരും ഭയപ്പെടുന്നു. ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കും. ഇത് കുറച്ചുകൊണ്ടുവരുന്നതിനും പരിഹരിക്കുന്നതിനുമാവശ്യമായ ഹ്രസ്വകാല, ദീര്‍ഘ കാല പദ്ധതികളാണ് രാജ്യത്തെ മുപ്പതോളം പ്രവാസി പഠനവിദഗ്ധരും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കൂട്ടത്തോടെ തിരികെയെത്തിക്കുന്നതിനുപകരം രോഗികള്‍, വൃദ്ധര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കി അവരെ തിരികെയെത്തിക്കണമെന്നാണ് ശുപാര്‍ശ. പ്രധാനമന്ത്രിയടക്കം വിവിധ അധികാരികള്‍ക്കാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
