കൊവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗം ബാധിക്കുമോ? ആശങ്കയോടെ ആരോഗ്യവിദഗ്‌ധര്‍
വാഷിങ്‌ടണ്‍: ഒരിക്കല്‍ കൊവിഡ് രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം വരുമോ എന്ന ആശങ്കയുമായി ആരോഗ്യവിദഗ്‌ധര്‍. 39 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ ചിലര്‍ക്ക് വീണ്ടും രോഗബാധ കണ്ടെത്തിയ സാഹചര്യത്തിലാണ് കൊവിഡ് വൈറസിന്റെ പ്രസരണത്തെ കുറച്ച് ആരോഗ്യപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചത്.
ഈ സംശയം ശരിയാണെന്ന് തെളിഞ്ഞാല്‍ അത് പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനെയും രോഗപ്രസരണ നിവാരണ മാര്‍ഗമെന്ന നിലയില്‍ പലരും കാണുന്ന സാമൂഹിക പ്രതിരോധത്തെയും ഗുരുതമായി ബാധിക്കും.
അതേസമയം ഇത്തരത്തില്‍ രോഗബാധയുണ്ടായതിനെ കുറിച്ച് അധികം തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചില ഒറ്റപ്പെട്ട കേസുകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു നിഗമനമെന്ന നിലയില്‍ സാധൂകരിക്കാന്‍ പര്യാപ്‌തമല്ലെന്നാണ് വാഷിങ്‌ടണ്‍ പോസ്‌റ്റ് ഇതുസംബന്ധിച്ച് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്.
ലാബ് റിപോര്‍ട്ടുകള്‍, ആശുപത്രി ചികില്‍സാ രേഖകള്‍ എന്നിവയൊക്കെ കൃത്യതയോടെ പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ മാത്രമേ അവസാന നിഗമനത്തിലെത്താനാവൂ. അതേസമയം ചിലരില്‍ രോഗബാധ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതും ചിലര്‍ക്ക് അത് നിസ്സാരമാകുന്നതും ആരോഗ്യവിദഗ്‌ധരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങള്‍ രോഗം മാറിയ ശേഷം ചില സമയത്ത് തിരികെ വരാറുണ്ട്. അതുപോലെ കൊറോണ വൈറസും തിരികെ വരാനുള്ള സാധ്യത സൈദ്ധാന്തികമായി ഉണ്ടെന്ന് കൊളമ്പിയ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി രോഗ വിദഗ്‌ധനും ഗവേഷകനുമായ ഡാനിയല്‍ ഗ്രിഫിന്‍ പറയുന്നു.
അതോടൊപ്പം ഇതൊരു സൈദ്ധാന്തിക സാധ്യതയായി നില്‍ക്കുമ്പോഴും തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് ആവശ്യത്തിന് തെളിവുകളില്ലെന്ന കാര്യം കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. മോനിക ഗാന്ധി ചൂണ്ടിക്കാട്ടി.
വീണ്ടും പകരാനുള്ള സാധ്യതയുണ്ടെങ്കില്‍ അത് വലിയ ഭീകരാവസ്ഥയിലേക്കാണ് ലോകത്തെ നയിക്കുക. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നാം വീണ്ടും വീണ്ടും വാക്‌സിന്‍ സ്വീകരിക്കേണ്ടിവരുമെന്ന് ലെനോക്‌സ് ഹില്‍ ആശുപത്രിയിലെ അസി. പ്രഫസര്‍ റോബര്‍ട്ട് ഗ്ലാറ്റര്‍ പറയുന്നു. ഇത് മറ്റൊരു വെല്ലുവിളിയായിരിക്കും സമ്മാനിക്കുക. മരുന്നിന്റെ ഉല്‌പാദനവും വിതരണവും മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കും.

