കൊവിഡ് 19: രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നു; ഇന്ന് 62.42 ശതമാനം

Update: 2020-07-10 13:29 GMT

ന്യൂഡല്‍ഹി: രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,138 പേരാണ് കൊവിഡ് 19 ല്‍ നിന്ന് രോഗമുക്തി നേടിയത്. ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തര്‍ 4,95,515 ആണ്. ഇതോടെ രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 2,76,882 പേരാണ് ചികില്‍സയിലുള്ളത്.

ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് 1,218 കൊവിഡ് ആശുപത്രികള്‍, 2,705 കൊവിഡ് ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍, 10,301 കൊവിഡ് പരിപാലന കേന്ദ്രങ്ങള്‍ എന്നിവയാണുള്ളത്.

ദേശീയ തലത്തില്‍ കൊവിഡ് മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞു. ലോകത്തെ മറ്റു പല രാജ്യങ്ങളിലെയും മരണനിരക്കിനേക്കാള്‍ വളരെ കുറവാണിത്.

മരണനിരക്ക് പരമാവധി കുറക്കുക എന്ന ലക്ഷ്യവുമായാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. രാജ്യവ്യാപകമായുള്ള ആശ, എ എന്‍ എം പ്രവര്‍ത്തകര്‍, ആയുഷ്മാന്‍ ഭാരത് ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ സംഘടിത പ്രവര്‍ത്തനം ലക്ഷക്കണക്കിന് ആളുകളുടെ ഫലപ്രദമായ നിരീക്ഷണത്തിനും സമ്പര്‍ക്കപട്ടിക തയ്യാറാക്കാനും സഹായിക്കുന്നു.

'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി പരിശോധനകളുടെ വേഗത ദിനംപ്രതി വര്‍ധിക്കുകയാണ്. രാജ്യത്ത് ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 1,10,24,491 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,83,659 സാംപിളുകളാണ് പരിശോധിച്ചത്.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ലാബുകളുടെ എണ്ണം 1,169 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 835ഉം സ്വകാര്യ ലാബുകളുടെ എണ്ണം 334 ഉം ആണ്. 

Tags:    

Similar News