കൊവിഡ് 19: പാലക്കാട് ജില്ലയില്‍ 18427 പേര്‍ നിരീക്ഷണത്തില്‍

Update: 2020-04-07 08:46 GMT

പാലക്കാട്: ജില്ലയില്‍ ഏഴ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 18,395 പേര്‍ വീടുകളിലും 8 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 22 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമായി ആകെ 18427 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്.

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള മറ്റാരുടേയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. പരിശോധനയ്ക്കായി അയച്ച 535 സാംപിളുകളില്‍ ഫലം വന്ന 458 എണ്ണം നെഗറ്റീവും 7 എണ്ണം പോസിറ്റീവുമാണ്. ഇതുവരെ 25,929 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 7502 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2443 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒ പി യിലോ കാഷ്വാല്‍റ്റിയിലോ പോകരുതെന്ന നിര്‍ദേശവമുണ്ട്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡിലേക്ക് മാത്രം എത്തേണ്ടതാണ്. സംസ്ഥാനമൊട്ടാകെ അടച്ചിടല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. പുറത്തേക്കിറങ്ങുകയാണെങ്കില്‍ മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെടാതിരിക്കുക.

മാര്‍ച്ച് അഞ്ച് മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 28 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും തുടരണം. ഐസൊലേഷനിലുള്ള ആളുകള്‍ 60 വയസിന് മുകളിലുള്ളവര്‍, രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുമായി ഇടപഴകരുത് എന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിട്ടുണ്ട്.