കൊവിഡ് 19: വയനാട്ടില്‍ ഒരു മരണം; 9 പേര്‍ ചികില്‍സയില്‍, 3871 പേര്‍ നിരീക്ഷണത്തില്‍

Update: 2020-05-24 12:03 GMT

കല്‍പറ്റ: മെയ് ഇരുപതാം തീയതി ദുബയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തില്‍ എത്തിയ കല്‍പ്പറ്റ സ്വദേശിനിയായ 53 വയസ്സുകാരിയെ ചികില്‍സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 21ന് ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ ആയിരുന്ന ഇവര്‍ ഇന്ന് മൂന്ന് മണിക്കാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹം കോഴിക്കോട് തന്നെ മറവ് ചെയ്യാനാണ് പ്രാഥമികമായി തീരുമാനിച്ചിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്ന 9 പേര്‍ ഉള്‍പ്പെടെ 18 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ന് നിരീക്ഷണത്തിലായ 243 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3871 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1558 സാംപിളുകളില്‍ 1374 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 1350 നെഗറ്റീവും 24 പോസിറ്റീവുമാണ്. ഇന്ന് അയച്ച 21 സാംപിളുകളുടെ പരിശോധനാ ഫലം ഉള്‍പ്പെടെ 177 എണ്ണത്തിന്റെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇതുകൂടാതെ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1661 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ 1388 ഫലം ലഭിച്ചതില്‍ 1388 ഉം നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇന്ന് 60 സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ജില്ലയിലെ 10 ചെക്ക്‌പോസ്റ്റുകളില്‍ 910 വാഹനങ്ങളിലായി എത്തിയ 1894 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ഇന്ന് 180 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്, ഇതില്‍ 180 ഉം പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. പാസ്സിന്റെ ലഭ്യത, കേരളത്തിലേക്കുള്ള വാഹനസര്‍വീസുകളെ കുറിച്ചും, നിരീക്ഷണ കാലാവധി മാനദണ്ഡങ്ങള്‍ തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനുമായിരുന്നു കൂടുതല്‍ വിളികളും.

ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 1568 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

Similar News