കൊവിഡ് 19: ഒഡീഷ സര്‍ക്കാര്‍ വിട്ടയച്ചത് 16,000 തടവുകാരെ

Update: 2020-07-30 04:33 GMT

ഭുവനേശ്വര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ സര്‍ക്കാര്‍ ഇതുവരെ 16,000 പേരെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നായി വിട്ടയച്ചു. മാര്‍ച്ച് 20 മുതല്‍ ജൂലൈ 28 വരെയുള്ള കണക്കാണ് ഇത്. നാല് മാസത്തേക്കാണ് തടവുകാരെ വിട്ടയച്ചിട്ടുള്ളത്.

വിവിധ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും തടവുകാരെ വിട്ടയയ്ക്കാനുള്ള സുപ്രിം കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് നടപടി.

''മാര്‍ച്ച് 20 ജൂലൈ 28 കാലത്ത് സംസ്ഥാനത്തുനിന്ന് ആകെ 16,639 വിചാരണത്തടവുകാരെയും 150 ശിക്ഷാതടവുകാരെയും വിട്ടയച്ചു. സുപ്രിംകോടതി നിര്‍ദേശമനുസരിച്ച് രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് ബെര്‍ഹാംപൂര്‍, സംബാല്‍പൂര്‍, കട്ടക്ക്, ബരിപാഡ, മിര്‍സാപൂര്‍ തുടങ്ങി അഞ്ച് സര്‍ക്കിളുകളില്‍ നിന്നായി തടവുകാരെ വിട്ടയച്ചത്''- ജയില്‍ ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജില്ലാ ജഡ്ജിമാരും ജില്ലാ മജിസ്‌ട്രേറ്റുമാരും എസ്പിമാരും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും ജയില്‍ സൂപ്രണ്ടുമാരും അംഗങ്ങളുമായ 30 ജില്ലാ ഉന്നതാധികാര സമിതികളാണ് തടവവുകാരെ വിട്ടയച്ച് ജയിലിലെ അംഗസംഖ്യ കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടത്.

ജയിലിലെ തടവുകാരുടെ എണ്ണം കുറച്ച് കൊവിഡ് വ്യാപനഭീഷണി കുറയ്ക്കാന്‍ സുപ്രിംകോടതി മാര്‍ച്ച് 23നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. വിചാരണത്തടവുകാരെയും ഏഴ് വര്‍ഷത്തിനു താഴെ തടവുശിക്ഷ ലഭിച്ചതോ ലഭിക്കാനിടയുള്ളതോ ആയ കുറ്റങ്ങള്‍ ചെയ്ത ശിക്ഷാതടവുകാരെയുമാണ് വിട്ടയയ്ക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്.

സുപ്രിം കോടതി നിര്‍ദേശപ്രകാരം ഒഡീഷ സര്‍ക്കാര്‍ മാര്‍ച്ച് 26ന് ഉന്നതാധികാര സമിതി രൂപീകരിക്കുകയും പരോളോ ജാമ്യമോ നല്‍കാവുന്നവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. 

Tags:    

Similar News