കൊവിഡ് 19 ഭരണകൂട നിരീക്ഷണത്തിനുളള ന്യായീകരണമാവരുതെന്ന് ശശി തരൂര്‍

Update: 2020-05-04 17:08 GMT

ന്യൂഡല്‍ഹി: പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനും ഭരണകൂട നിരീക്ഷണത്തിനും കൊവിഡ് 19 ഒരു ന്യായീകരണമാവരുതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ആരോഗ്യ സേതു ആപ്പ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ബന്ധമാക്കിയ കേന്ദ്ര സസര്‍ക്കാര്‍ നടപടി ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമാവുമെന്നും തരൂര്‍ ആരോപിച്ചു.

തങ്ങള്‍ കൊവിഡ് 19ന്റെ ഭീഷണിയിലാണോ എന്നതിനെ കുറിച്ച് വിവരം നല്‍കുമെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്രം അവതരിപ്പിച്ച മൊബൈല്‍ ആപ്പാണ് ആരോഗ്യസേതു. കൊവിഡ് രോഗത്തെ കുറിച്ച വിവരങ്ങള്‍ അതിന്റെ ലക്ഷണങ്ങള്‍ ഇതൊക്കെ ഈ ആപ്പു വഴി മനസ്സിലാക്കാമെന്നും സര്‍ക്കാര്‍ പറയുന്നു.

''ആരോഗ്യസേതു ആപ്പ് സ്വകാര്യ സര്‍ക്കാര്‍ ജോലിക്കാര്‍ക്കിടില്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഡാറ്റാ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്കയാണ് ഉയര്‍ത്തിയിട്ടുള്ളത്. കൊവിഡ് 19 ഇന്ത്യയെ ഒരു നിരീക്ഷണ രാഷ്ട്രമാക്കുന്നതിനുള്ള ന്യായീകരണമാവരുത്''- തരൂര്‍ ട്വീറ്റ് ചെയ്തു.

എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും സ്വകാര്യമേഖലയിലെ തൊഴിലാളികളോടും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.

ആരോഗ്യസേതു പൗരനു മുകളിലുള്ള ഒരു അത്യാധുനിക നിരീക്ഷണ സംവിധാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രണ്ട് ദിവസം മുമ്പ് വിമര്‍ശിച്ചിരുന്നു. ആരോഗ്യസേതുവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ഏജന്‍സിയെ എല്‍പ്പിക്കുന്നതു വഴി വലിയ ഡാറ്റാ ചോര്‍ച്ച ഉണ്ടാകാനിടയുണ്ടെന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം.  

Tags:    

Similar News