കൊവിഡ് 19: ഉസ്ബക്കിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരോട് ഏത് നിമിഷവും പുറപ്പെടാന്‍ തയ്യാറായിരിക്കാന്‍ എംബസി

ഉസ്ബക്കിസ്താനില്‍ ഇതുവരെ ഒരാള്‍ക്കു മാത്രമേ കൊറോണ പിടിപെട്ടിട്ടുളളൂ. എന്നാല്‍ രണ്ടാം ഘട്ട കൊറോണ പ്രസരണം ഉണ്ടായേക്കാമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി

Update: 2020-03-19 15:19 GMT

താശ്കന്ദ്: ഉസ്ബക്കിസ്താനില്‍ കുടങ്ങിയ ഇന്ത്യക്കാരോട് അടുത്ത 24 -48 മണിക്കൂറിനുള്ളില്‍ ഏത് നിമിഷവും പുറപ്പെടാന്‍ തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. താശ്കന്ദില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒരു വിമാനം അയയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എംബസി ഇന്ത്യന്‍ പൗരന്മാരോട് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.

രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് എംബസിയെ സമീപിച്ചവരെ അടുത്ത 24-48 മണിക്കൂറിനുള്ളില്‍ പുറപ്പെടാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പുതിയ തീരുമാനങ്ങളെന്തെങ്കിലും ഉണ്ടായാല്‍ അതും അവരെ അറിയിക്കുമെന്ന് എംബസി വ്യത്തങ്ങള്‍ ട്വീറ്റ് ചെയ്തു.

ഉസ്ബക്കിസ്താനില്‍ ഇതുവരെ ഒരാള്‍ക്കു മാത്രമേ കൊറോണ പിടിപെട്ടിട്ടുളളൂ. എന്നാല്‍ രണ്ടാം ഘട്ട കൊറോണ പ്രസരണം ഉണ്ടായേക്കാമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.

മാര്‍ച്ച് 22 വരെ ഒരു അന്താരാഷ്ട്രവിമാനവും രാജ്യത്ത് ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം ഇന്ന് വ്യക്തമായിക്കിയിരുന്നു. എങ്കിലും മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് തിരികെയെത്താന്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കുന്ന വിമാനങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്ന സൂചനയുമുണ്ട്.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം 214800 ആണ.് മരിച്ചവരുടെ എണ്ണം 8732. 

Tags:    

Similar News