കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഡല്‍ഹിയില്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി; മണിക്കൂറുകള്‍ക്ക് ശേഷം പിന്‍വലിച്ചു

Update: 2020-11-23 08:44 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തില്‍ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി. നംഗ്ലോയി പ്രദേശത്ത് മാര്‍ക്കറ്റാണ് സര്‍ക്കാര്‍ അടച്ചു പൂട്ടിയത്.

പൊതു സ്ഥലങ്ങളിലും വിപണികളിലും സാമൂഹിക അകലം പാലിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണവിധേയമാക്കുമെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ജനത മാര്‍ക്കറ്റിലും ജനത മാര്‍ക്കറ്റിന് പുറത്തുള്ള 49-ാം വാര്‍ഡിലും (നംഗ്ലോയി) സജീവമായ നടപടി സ്വീകരിച്ചുകൊണ്ട് ലോക്കല്‍ പോലീസ് മുഴുവന്‍ ജനത മാര്‍ക്കറ്റിനും മുദ്രവെച്ചത്. എന്നാല്‍ അല്‍പ സമയത്തിനകം നടപടി പിന്‍വലിച്ചു.

മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മാസ്‌കുകള്‍ വിതരണം ചെയ്യാന്‍ അസോസിയേഷനുകളെ പ്രേരിപ്പിച്ചതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാര്‍ക്കറ്റ് പ്രതിനിധികളുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, കഴിഞ്ഞയാഴ്ച, ചില വിപണികള്‍ അടച്ചുപൂട്ടാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. നിലവില്‍ തലസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 6,746 പുതിയ കൊവിഡ് -19 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ആകെ കേസുകളുടെ എണ്ണം 5,29,863 ആയി. ഡല്‍ഹി ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്ന് പകര്‍ച്ചവ്യാധിയെക്കുറിച്ച് സുപ്രിം കോടതി റിപോര്‍ട്ടുകള്‍ തേടി.




Similar News