മലപ്പുറം ജില്ലയില്‍ 522 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 890 പേര്‍ക്ക് രോഗമുക്തി

Update: 2020-11-01 12:31 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ 522 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 483 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഉറവിടമറിയാതെ 30 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്ന് എത്തിയതും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം ജില്ലയില്‍ കുറയുന്നത് ആശ്വാസകരമാണ്. എന്നാല്‍ രോഗ വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 890 പേരാണ് ഇന്ന് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 43,001 പേരാണ് കൊവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ജനകീയ പിന്തുണയോടെ നടത്തി വരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. പൊതുജീവിതത്തിന് പ്രയാസമില്ലാത്തവിധത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ തുടരുന്നതെന്നും ഇത് പാലിക്കുന്നതില്‍ വീഴ്ച പാടില്ലെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

നിരീക്ഷണത്തില്‍ 60,202 പേര്‍

60,202 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 9,149 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 739 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 574 പേരും 212 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 234 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്. ജില്ലയില്‍ ഇതുവരെ 2,68,284 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2,021 സാംപിളുകളുടെ ഫലം ലഭ്യമാകാനുണ്ട്.