കൊവിഡ് 19: ജാര്‍ഖണ്ഡില്‍ 10-12 ക്ലാസുകള്‍ ഡിസംബര്‍ 16 മുതല്‍; ആരാധനാലയങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവ്
റാഞ്ചി: 10 മുതല്‍ 12ാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കാന്‍ ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡിസംബര്‍ 16 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ദുരന്തനിവാരണ വകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനും പങ്കെടുത്തു.
ഇതിനും പുറമേ മെഡിക്കല്‍, ദന്തല്‍, നഴ്‌സിങ് കോളെജുകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പരിശീലന സ്ഥാപനങ്ങള്‍ക്കും തുറക്കാം. അതേസമയം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കഴിയാവുന്നിടത്ത് ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
ആരാധനാലയങ്ങളില്‍ 200 ല്‍ താഴെ ഭക്തര്‍ക്ക് പങ്കെടുക്കാം. മതച്ചടങ്ങുകള്‍ക്കും ഈ പരിധിയില്‍ ഒതുങ്ങിനിന്നുകൊണ്ട് അനുമതിയുണ്ട്. അതേസമയം സിനിമ ഹാള്‍, പാര്‍ക്ക്, സ്വിമിങ് പൂള്‍ എന്നിവ പ്രവര്‍ത്തിക്കരുത്.
റോഡ് ആക്‌സിഡന്റുകളില്‍ മരിക്കുന്നവര്‍ക്ക് ദുരന്തനിരവാരണ വിഭാഗം 1 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും.
വിവാഹങ്ങളില്‍ 300 പേര്‍ക്ക് പങ്കെടുക്കാം. ഹോട്ടലുകള്‍ക്കുള്ളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേര്‍ക്ക് പങ്കെടുക്കാം.