തൃശൂർ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സി എഫ് എല്‍ ടി സി സജ്ജം

Update: 2020-09-18 05:04 GMT

തൃശൂർ: ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പൊതു ജനസമ്പര്‍ക്കമുള്ള ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ ചികിത്സയ്ക്കായി രണ്ട് കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയതായി ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനുമായ എസ് ഷാനവാസ് അറിയിച്ചു. മുളംങ്കുന്നത്തുകാവ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും(കില) മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ വെള്ളാനിക്കര കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ അച്യുതമേനോന്‍ ബ്ലോക്ക് സെന്ററുമാണ് ഇതിനായി സജ്ജമാക്കുക.

ഇപ്രകാരം റവന്യൂ, പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ രോഗബാധ സ്ഥിരീകരിക്കുന്ന പക്ഷം ഈ രണ്ടു കേന്ദ്രങ്ങളിലും അവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സി എഫ് എല്‍ ടി സി ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ ആന്‍ഡ് നോഡല്‍ ഓഫീസറും ജില്ലാ ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജമാക്കണമെന്ന ലാന്‍ഡ് റെവന്യൂ കമ്മീഷ്ണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

Similar News