കൊവിഡ് 19: ഇന്‍ഡോറില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ കല്ലേറും ആക്രമണവും

ഇന്‍ഡോറില് മാത്രം നിലവില്‍ 75 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ പോസിറ്റീവ് കേസുകളില്‍ മുഖ്യപങ്കും ഈ നഗരത്തിലാണ്.

Update: 2020-04-02 04:23 GMT

ഇന്‍ഡോര്‍: കൊവിഡ് രോഗബാധ സ്‌ക്രീനിങ് നടത്താന്‍ വീടുകളിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ പ്രദേശവാസികള്‍ ആക്രമിച്ചു. കല്ലും മറ്റു വസ്തുക്കളുമുപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് വിവരം. ഇന്‍ഡോറില്‍ തട്പട്ടി ബഖാല്‍ എന്ന സ്ഥലത്താണ് ഒരുകൂട്ടം പ്രദേശവാസികള്‍ സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്.

സംഭവത്തില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതാനും പേരെ പ്രതിചേര്‍ത്ത് പോലിസ് കേസെടുത്തു. കൊവിഡ് ബാധയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും പോലിസ് നടപടികളും ജനങ്ങള്‍ക്കുള്ളില്‍ അസംതൃപ്തി ഉണ്ടാക്കുന്നുവെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ പലയിടത്തുനിന്നും റിപോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്‍ഡോറില്‍ മാത്രം 12 പുതിയ കൊവിഡ് ബാധ 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന കര്‍ശനമാക്കിയത്. ഇന്‍ഡോറില് മാത്രം നിലവില്‍ 75 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ പോസിറ്റീവ് കേസുകളില്‍ മുഖ്യപങ്കും ഈ നഗരത്തിലാണ്. മധ്യപ്രദേശില്‍ ഇതുവരെ 98 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1834 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 1649 എണ്ണം ഇപ്പോള്‍ രോഗമുള്ളവരാണ്. 144 പേര്‍ രോഗം ഭേദമാവുകയോ രാജ്യം വിടുകയോ ചെയ്തു. 41 പേര്‍ മരിച്ചു.  

Tags: